വിയ്യ റയൽ വിടാൻ ഡാനി പരേഹോ; ആറു വർഷത്തെ സേവനത്തിന് വിട നൽകി ക്ലബ്ബ്
തങ്ങളുടെ മുതിർന്ന മിഡ്‌ഫീൽഡർ ഡാനി പരേഹോ ക്ലബ്ബ് വിടുന്നതായി വിയ്യ റയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആറ് സീസണുകൾക്ക് ശേഷമാണ് താരം ക്ലബ്ബിൽ നിന്നുള്ള മടക്കം സ്ഥിരീകരിച്ചത്.
2020-ൽ യെല്ലോ സബ്മറൈൻ എന്നറിയപ്പെടുന്ന വിയ്യ റയലിൽ ചേർന്ന 37-കാരനായ സ്പാനിഷ് താരം, ക്ലബ്ബിനായി 269 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ഈ കാലയളവിൽ 16 ഗോളുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.
വിയ്യ റയലിലെ തന്റെ കാലഘട്ടത്തിൽ, 2021-ലെ യുവേഫ യൂറോപ്പ ലീഗ് കിരീടം നേടാൻ പരേഹോ ടീമിനെ സഹായിച്ചു. തൊട്ടടുത്ത വർഷം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലെത്താനും ടീമിന് സാധിച്ചു. കൂടാതെ, ക്ലബ്ബിനായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
എസ്റ്റാഡിയോ ഡി ലാ സെറാമിക് വെച്ച് അത്‌ലറ്റിക്കോ ഡി മാഡ്രിഡിനെതിരെ നടക്കുന്ന ഈ സീസണിലെ അവസാന ലാ ലിഗ മത്സരത്തിൽ പരേഹോയ്‌ക്കായി പ്രത്യേക യാത്രയയപ്പ് നൽകാൻ വിയ്യ റയൽ ഒരുങ്ങുകയാണ്.

