മെസ്സിയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടത് എന്തുകൊണ്ട്? വെളിപ്പെടുത്തലുമായി സാവി
ലയണൽ മെസ്സിയെ ബാഴ്‌സലോണയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി മുൻ പരിശീലകൻ സാവി ഹെർണാണ്ടസ്.
റൊമാരിയോയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാവി ഇക്കാര്യം വെളിപ്പെടുത്തിയത്:
“ബാഴ്‌സലോണ പരിശീലകൻ എന്ന നിലയിൽ ഡാനി ആൽവേസിനെ ഞാൻ തിരിച്ചുകൊണ്ടുവന്നു. നെയ്മർ, പെഡ്രോ, മെസ്സി എന്നിവരെയും ടീമിലെത്തിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പെഡ്രോയെയും നെയ്മറെയും സൈൻ ചെയ്യാൻ സാധിച്ചില്ല.”
“മെസ്സിയുടെ കാര്യത്തിൽ, അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ പ്രസിഡന്റ് ജോവാൻ ലപോർട്ടയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. 2023-ൽ മെസ്സിയെ സൈൻ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. അഞ്ച് മാസത്തോളം ഞങ്ങൾ ചർച്ചകൾ നടത്തി, എല്ലാം തയ്യാറായിരുന്നു. എന്നാൽ അവസാന നിമിഷം പ്രസിഡന്റ് വേണ്ടെന്ന് പറയുകയായിരുന്നു.”
ബാഴ്‌സലോണയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഈ നീക്കം നടന്നത്. ഇതേ കാരണം തന്നെയാണ് നെയ്മർ, പെഡ്രോ റോഡ്രിഗസ് എന്നിവരെ ക്ലബ്ബിലെത്തിക്കുന്നതിനും തടസ്സമായത്.
മെസ്സിയുടെ സ്വഭാവത്തെക്കുറിച്ചും സാവി ഓർത്തെടുത്തു:
“മറ്റ് കളിക്കാർക്ക് പന്ത് പാസ് ചെയ്യുമ്പോൾ മെസ്സി ചിലപ്പോൾ ദേഷ്യപ്പെടാറുണ്ടായിരുന്നു… ‘ഹേയ്, ഹേയ്! നീയെന്താണ് ഈ ചെയ്യുന്നത്? പന്ത് എനിക്ക് പാസ് ചെയ്യൂ!’ എന്ന് അദ്ദേഹം പറയുമായിരുന്നു.”
ക്ലബ്ബിൽ ഒരുമിച്ച് ചെലവഴിച്ച വർഷങ്ങളും പരസ്പരമുള്ള വിശ്വാസവും തങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് ബാഴ്‌സലോണ സാവിക്ക് പകരം ഹാൻസി ഫ്ലിക്കിനെ പുതിയ പരിശീലകനായി നിയമിച്ചു.

