കോഴിക്കോട്: പുഴയുടെ നടുവിൽ ഒരു സ്റ്റേഡിയം, അതിൽ അർജന്റീന ടീം അണിനിരക്കുന്നു! ദക്ഷിണ അമേരിക്കൻ ടീം നേരിട്ട് കേരളത്തിലെത്തിയിട്ടില്ലെങ്കിലും, കോഴിക്കോട് പുല്ലാളൂർ ഗ്രാമത്തിലെ ഫുട്ബോൾ ആരാധകർ ഒരുക്കിയ മനോഹരമായ ഒരു കാഴ്ചയാണിത്.
ലോകകപ്പ് ആവേശത്തിലേക്ക് കേരളം കടന്നുകഴിഞ്ഞു. മെസ്സി, നെയ്മർ തുടങ്ങിയ താരങ്ങളുടെയും ബ്രസീൽ, അർജന്റീന, പോർച്ചുഗൽ തുടങ്ങിയ ടീമുകളുടെയും കട്ടൗട്ടുകളും പോസ്റ്ററുകളും ഫ്ലെക്സുകളും കൊണ്ട് നാടും നഗരവും നിറഞ്ഞു. ആരാധകർ തങ്ങളുടെ വീടുകൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ടീമുകളുടെ നിറമണിയിക്കുന്നതും പതിവായിട്ടുണ്ട്.
ഇതിനിടെയാണ് പുല്ലാളൂരിലെ അർജന്റീന ആരാധകർ പുഴയുടെ നടുവിൽ ഒരു മിനി ഫുട്ബോൾ സ്റ്റേഡിയം തന്നെ ഒരുക്കിയത്. അർജന്റീന ടീമിലെ മുഴുവൻ താരങ്ങളുടെയും കട്ടൗട്ടുകളാണ് ഇതിലുള്ളത്.
കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേരാണ് ഈ സ്റ്റേഡിയത്തിന് അടുത്തേക്ക് എത്തി ഫോട്ടോയും സെൽഫിയുമെടുക്കുന്നത്.
ശക്തമായ കാറ്റിലോ മഴയിലോ പുഴയിലെ ജലനിരപ്പ് ഉയർന്നാലോ ഇത് മറിഞ്ഞു വീഴുകയോ തകരുകയോ ചെയ്യില്ലെന്ന് ഇതിന്റെ നിർമ്മാതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ ഈ കാഴ്ച കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ലോകകപ്പ് സമയത്തും പുല്ലാളൂരിലെ ആരാധകർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്ന് അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ആരാധകർ പുഴയിലെ ഒരു ചെറിയ തുരുത്തിൽ മെസ്സിയുടെയും നെയ്മറുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും വലിയ കട്ടൗട്ടുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ റൊണാൾഡോയുടെ കട്ടൗട്ടിന് കൂടുതൽ വലിപ്പം നൽകിയത് അന്ന് വലിയ ചർച്ചയായിരുന്നു.
ഈ കട്ടൗട്ട് പോരാട്ടം അന്ന് അന്താരാഷ്ട്ര ശ്രദ്ധ വരെ പിടിച്ചുപറ്റിയിരുന്നു.
This article was generated from an automated news agency feed without modifications to text.

