close
ശനിയാഴ്‌ച, ജൂൺ 13
Advertisement

ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിനെ തേടി ഹോളിവുഡ് വോക്ക് ഓഫ് ഫെയിമിൽ നക്ഷത്ര ബഹുമതി. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫുട്ബോൾ ലോകകപ്പിന്റെ തുടക്കത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ആദരം ബെക്കാമിന് നൽകിയത്. പതിവ് ചുവപ്പു പരവതാനികൾക്ക് പകരം ഫുട്ബോൾ മൈതാനത്തെ അനുസ്മരിപ്പിക്കുന്ന പച്ച പരവതാനി വിരിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ടോം ക്രൂയിസ്, ഭാര്യ വിക്ടോറിയ ബെക്കാം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ലോകത്തെ സ്വാധീനിച്ച ബെക്കാമിന്റെ ജീവിതം ഒരു യഥാർത്ഥ ഹോളിവുഡ് സിനിമ പോലെയാണെന്ന് ടോം ക്രൂയിസ് വിശേഷിപ്പിച്ചു. അമേരിക്കയിൽ ഫുട്ബോളിന് വലിയ സ്വീകാര്യത ലഭിക്കുന്ന ഈ ഘട്ടത്തിൽ ഇത്തരം ഒരു അംഗീകാരം ലഭിക്കുന്നത് അഭിമാനകരമാണെന്ന് വിക്ടോറിയ പറഞ്ഞു.

സമ്മേളനത്തിൽ വൈകാരികമായാണ് ബെക്കാം സംസാരിച്ചത്. കിഴക്കൻ ലണ്ടനിലെ സാധാരണക്കാരനായ ഒരു ബാലൻ വലിയ സ്വപ്നങ്ങളുമായി തുടങ്ങി, ഇന്ന് ഹോളിവുഡിൽ വരെ ആദരിക്കപ്പെടുന്നതിലെ അത്ഭുതം താരം പങ്കുവെച്ചു. 2007-ൽ അമേരിക്കൻ ലീഗായ എം.എൽ.എസ്-ൽ ചേർന്നപ്പോൾ പലരും സംശയത്തോടെയാണ് നോക്കിയതെങ്കിലും, ഇന്ന് ഫുട്ബോളിന്റെ വളർച്ചയിൽ താൻ അഭിമാനിക്കുന്നുവെന്നും ബെക്കാം വ്യക്തമാക്കി.

Advertisement

ഇരുപത് വർഷം നീണ്ട കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് തുടങ്ങിയ ലോകോത്തര ക്ലബ്ബുകൾക്കായി താരം ബൂട്ടണിഞ്ഞിട്ടുണ്ട്. നിലവിൽ ഇന്റർ മയാമി സി.എഫ് ക്ലബ്ബിന്റെ പ്രസിഡന്റും സഹ ഉടമയുമാണ് അദ്ദേഹം. ഫുട്ബോളിന് പുറമെ ഫാഷൻ, മാധ്യമരംഗങ്ങളിലും ബെക്കാം തന്റെ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. 2013-ൽ വിരമിച്ചെങ്കിലും ആഗോളതലത്തിൽ ഇപ്പോഴും വലിയ ആരാധകവൃന്ദമുള്ള താരമാണ് ബെക്കാം.

Read Also:  ഫിഫ ലോകകപ്പിന് മുന്നോടിയായി അമേരിക്കയ്ക്ക് പിന്തുണയുമായി മാർപ്പാപ്പ

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.