മാനസികാരോഗ്യം തുറന്നുപറഞ്ഞപ്പോൾ ലഭിച്ച പിന്തുണയിൽ നന്ദി അറിയിച്ച് റൊണാൾഡ് അരൗജോ
തന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബാഴ്‌സലോണ മാനേജ്‌മെന്റിനോട് തുറന്നുപറയാൻ തീരുമാനിച്ചപ്പോൾ റൊണാൾഡ് അരൗജോ വലിയ ആശങ്കയിലായിരുന്നു. എന്നാൽ തുടർന്നുണ്ടായ സംഭവവികാസങ്ങൾ താരത്തെ അങ്ങേയറ്റം അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു.
“ഇതൊരു അത്ഭുതകരമായ അനുഭവമായിരുന്നു. എല്ലാവരും കാര്യങ്ങളെ വളരെ സ്വാഭാവികമായും മാന്യമായും എടുത്തത് എന്നെ ശരിക്കും അമ്പരപ്പിച്ചു. താൻ ആദ്യം സംസാരിച്ചത് ഡെക്കോയോടാണ്. തുടർന്ന് അലജാന്ദ്രോ, ബോജൻ, പ്രസിഡന്റ്, തനിക്ക് ഏറ്റവും അടുത്തുള്ളവർ തുടങ്ങി എല്ലാവരും മികച്ച പിന്തുണയാണ് നൽകിയത്,” അരൗജോ പറഞ്ഞു.
“ഈ തീരുമാനമെടുത്തതുമുതൽ കൂടെനിന്ന ബാഴ്സ ക്ലബ്ബിനോടും സഹതാരങ്ങളോടും ഞാൻ എപ്പോഴും കടപ്പെട്ടിരിക്കും. അവർ എന്നെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും സന്ദേശങ്ങൾ അയക്കുകയും എന്റെ കഴിവിൽ വിശ്വസിക്കുകയും ചെയ്തു. അതൊരു വലിയ അനുഭവമായിരുന്നു, മുന്നോട്ട് പോകാനുള്ള വലിയ ഊർജ്ജവുമാണ് അത് നൽകിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

