ജൂലിയൻ അൽവാരസിന്റെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ മടുപ്പ് പ്രകടിപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ്
അർജന്റീനൻ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിനെ ചുറ്റിപ്പറ്റി നടക്കുന്ന ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ അതൃപ്തി വ്യക്തമാക്കി അത്‌ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് എൻറിക് സെറെസോ രംഗത്ത്. ബാഴ്‌സലോണയുടെ താൽപ്പര്യങ്ങൾക്കിടയിലും തുടരുന്ന ഇത്തരം വാർത്തകളിൽ മടുപ്പ് പ്രകടിപ്പിച്ച പ്രസിഡന്റ്, അബദ്ധത്തിൽ താരത്തെ ‘ജൂലിയൻ ലോപ്പസ്’ എന്നാണ് അഭിസംബോധന ചെയ്തത്.
“റിയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിൽ നിന്ന് ഒരു ഓഫർ വന്നിരുന്നു, അതിന് ഞങ്ങൾ നൽകിയ മറുപടി നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾ ഇത് വീണ്ടും വീണ്ടും ചോദിക്കുകയാണ്, ഇത് ഏറെ മടുപ്പിക്കുന്നു. ജൂലിയൻ ലോപ്പസ് അത്‌ലറ്റിക്കോയുടെ കളിക്കാരനാണ്. ജൂലിയൻ ലോപ്പസിനെ ആവശ്യമുള്ളവർക്ക് കരാർ പരിശോധിച്ച് ഞങ്ങളെ സമീപിക്കാം. താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് താരത്തെ കൊണ്ടുപോകാം, ഇല്ലെങ്കിൽ വേണ്ട,” സെറെസോ പറഞ്ഞു.
“ഈ വേനൽക്കാലത്തെ പ്രധാന വാർത്തയായി ഇത് മാറിയിരിക്കുകയാണ്. കാര്യങ്ങൾ എന്താണെന്ന് നിങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം അത്‌ലറ്റിക്കോ ഡി മാഡ്രിഡ് താരമാണ്, അദ്ദേഹം ഇവിടെ തന്നെ തുടരുമെന്നാണ് ഞാൻ കരുതുന്നത്. ഇനി അതല്ലെങ്കിൽ, താരത്തെ ആവശ്യമുള്ള ആർക്കും കരാർ വന്ന് പരിശോധിക്കാം. ഞങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. ഞങ്ങൾ വീണ്ടും വ്യക്തമാക്കുന്നു, ഞങ്ങൾക്ക് പുതിയ വിവരങ്ങളൊന്നുമില്ല. താരവുമായി ഞങ്ങൾക്ക് കരാറുണ്ട്. ആർക്കെങ്കിലും അദ്ദേഹത്തെ വേണമെങ്കിൽ വന്ന് സംസാരിക്കാം, ഞങ്ങൾ കരാർ കാണിച്ചുതരാം. താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് തീരുമാനമെടുക്കാം. ജൂലിയൻ ലോപ്പസ് കഥകൾ ഇവിടെ അവസാനിക്കട്ടെ. ജൂലിയൻ ലോപ്പസ് അത്‌ലറ്റിക്കോ ഡി മാഡ്രിഡ് കളിക്കാരനാണ്. അത് വ്യക്തമാണല്ലോ? അത്രമാത്രം. അദ്ദേഹം അല്ലാത്തൊരു ദിവസം നിങ്ങൾ അത് അറിയും.”

