അത്ലറ്റിക്കോ മാഡ്രിഡ് വിടാൻ ജൂലിയൻ അൽവാരസ്; മാപ്പപേക്ഷ ആവശ്യപ്പെട്ട് ക്ലബ്
ഈ സമ്മറിൽ അത്ലറ്റിക്കോ മാഡ്രിഡ് വിടണമെന്ന് ആവശ്യപ്പെട്ട് ജൂലിയൻ അൽവാരസ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ താരത്തോട് മാപ്പപേക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് ക്ലബ്ബ് അധികൃതർ എന്ന് എൽ ചിരിംഗിറ്റോ ടിവി റിപ്പോർട്ട് ചെയ്യുന്നു. തന്റെ കരിയറിലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചതെന്ന് അൽവാരസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അർജന്റീനൻ സ്ട്രൈക്കറായ അൽവാരസ് ബാഴ്സലോണയിലേക്ക് മാറാനുള്ള താല്പര്യമാണ് സൂചിപ്പിക്കുന്നത്. പിഎസ്ജിയും ആഴ്സണലും താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടെങ്കിലും ബാഴ്സലോണയാണ് തന്റെ കരിയറിന് ഏറ്റവും അനുയോജ്യമായ ക്ലബ്ബ് എന്ന് താരം വിശ്വസിക്കുന്നു.
എങ്കിലും, 2031 വരെ കരാർ കാലാവധിയുള്ള അൽവാരസിനെ വിട്ടുനൽകാൻ അത്ലറ്റിക്കോ മാഡ്രിഡ് തയ്യാറല്ല.
26-കാരനായ താരത്തെ ബാഴ്സലോണയ്ക്ക് വിൽക്കാൻ അത്ലറ്റിക്കോയ്ക്ക് താല്പര്യമില്ല. ഇക്കാര്യം പരസ്യമായി തന്നെ ക്ലബ്ബ് വ്യക്തമാക്കുന്നുണ്ട്.
എങ്കിലും ബാഴ്സലോണ പിന്മാറാൻ തയ്യാറായിട്ടില്ല. അത്ലറ്റിക്കോ മാഡ്രിഡിനെ അനുനയിപ്പിക്കാനായി ട്രാൻസ്ഫർ തുക 150 മില്യൺ യൂറോ വരെ ഉയർത്താനും ബാഴ്സലോണ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.
അൽവാരസിനോട് മാപ്പപേക്ഷ ആവശ്യപ്പെട്ടതോടെ അത്ലറ്റിക്കോയും താരവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായേക്കുമെന്നാണ് സൂചന.

