36 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിൽ വിജയരുചി ആസ്വദിച്ച് ഓസ്ട്രിയ. ആദ്യമായി ലോകകപ്പ് കളിക്കുന്ന ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ പരാജയപ്പെടുത്തിയത്. 1990-ന് ശേഷം ലോകകപ്പ് വേദിയിൽ ഓസ്ട്രിയ നേടുന്ന ആദ്യ വിജയമാണിത്.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ റൊമാനോ ഷമിഡിലൂടെ ഓസ്ട്രിയ മുന്നിലെത്തിയെങ്കിലും, 50-ാം മിനിറ്റിൽ അലി ഒൽവാനിലൂടെ ജോർദാൻ സമനില പിടിച്ചു. തുടർന്ന് ശക്തമായ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. 76-ാം മിനിറ്റിൽ ജോർദാൻ താരം യാസൻ അൽ അറബിന്റെ പിഴവിൽ ഓസ്ട്രിയയ്ക്ക് അനുകൂലമായി സെൽഫ് ഗോൾ പിറന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പെനാൽറ്റിയിലൂടെ മാർക്കോ അർനോടോവിച്ച് ഓസ്ട്രിയയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
ജോർദാൻ താരം സ്റ്റെഫാൻ പോഷിന്റെ കൈയ്യിൽ പന്ത് തട്ടിയതിനെത്തുടർന്ന് അർനോടോവിച്ച് നേടിയ മറ്റൊരു ഗോൾ വി.എ.ആർ (VAR) പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ലോകകപ്പ് അരങ്ങേറ്റത്തിൽ വിജയം ലക്ഷ്യമിട്ടാണ് ജോർദാൻ ഇറങ്ങിയതെങ്കിലും ഓസ്ട്രിയൻ ആക്രമണങ്ങൾക്ക് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.
അടുത്ത തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ഓസ്ട്രിയ കരുത്തരായ അർജന്റീനയെ നേരിടും. അന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ അൾജീരിയയുമായി ജോർദാനും ഏറ്റുമുട്ടും.

