സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ ബാഴ്സലോണ, തങ്ങളുടെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ റയൽ ബെറ്റിസിനെ 3-1ന് തോൽപ്പിച്ച് സീസൺ ഗംഭീരമായി അവസാനിപ്പിച്ചു. ഈ വിജയത്തോടെ കളിച്ച 19 ഹോം മത്സരങ്ങളിലും ജയിച്ചാണ് ബാഴ്സ കരുത്തുകാട്ടിയത്. ബാഴ്സലോണയുടെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരമായിരുന്നു ഇത്. നാല് സീസണുകൾക്ക് ശേഷം താരം ക്ലബ്ബ് വിടുകയാണ്. മത്സരശേഷം സഹതാരങ്ങൾ ചേർന്ന് ലെവൻഡോവ്സ്കിയെ ആദരപൂർവ്വം യാത്രയാക്കി. ബാഴ്സയ്ക്കായി 192 മത്സരങ്ങളിൽ നിന്ന് 119 ഗോളുകൾ നേടിയ താരം, ക്ലബ്ബിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു കോപ്പ ഡെൽ റേ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, അത്ലറ്റിക്കോ മാഡ്രിഡിന്റെ ഇതിഹാസ താരം അന്റോയിൻ ഗ്രീസ്മാനും ക്ലബ്ബിനോട് വിടപറഞ്ഞു. അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന താരം, ആരാധകരോട് താൻ മുമ്പ് ചെയ്ത തെറ്റുകൾക്ക് ഒരിക്കൽ കൂടി ക്ഷമ ചോദിച്ചു. അത്ലറ്റിക്കോ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് പരിശീലകൻ ഡീഗോ സിമിയോണി ഗ്രീസ്മാനെ വിശേഷിപ്പിച്ചത്. അറ്റ്‌ലറ്റിക്കോ ജിറോണയെ 1-0ത്തിന് പരാജയപ്പെടുത്തി.
മറ്റ് മത്സരങ്ങളിൽ, റയൽ മാഡ്രിഡിനോട് തോറ്റെങ്കിലും സെവിയ്യ തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെട്ടു. വിനീഷ്യസ് ജൂനിയറാണ് റയലിനായി ഗോൾ നേടിയത്. കിലിയൻ എംബാപ്പെ റയലിനായി സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങിയിരുന്നു. അതേസമയം, അവസാന മത്സരത്തിന് മുൻപായി തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാനുള്ള കടുത്ത പോരാട്ടത്തിലാണ് ലിവന്റെ, ഒസാസുന, എൽചെ, ജിറോണ, മയോർക്ക എന്നീ ടീമുകൾ. സ്പാനിഷ് ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
