close
വെള്ളിയാഴ്‌ച, മെയ്‌ 22
Advertisement

2026 ലോകകപ്പ്: ഫ്രഞ്ച് മുന്നേറ്റനിരയ്ക്ക് പുതിയ തന്ത്രം വെളിപ്പെടുത്തി ഉസ്മാൻ ഡെംബലെ

2026 ലോകകപ്പിനായുള്ള ഫ്രാൻസിന്റെ മുന്നൊരുക്കത്തിൽ തന്ത്രപരമായ വലിയ മാറ്റങ്ങളുമായി ഉസ്മാൻ ഡെംബലെ. മൈതാനത്ത് ഒരു നിശ്ചിത സ്ഥാനത്ത് ഒതുങ്ങിനിൽക്കുന്നതിനേക്കാൾ, പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ കളിക്കുന്നതാണ് തനിക്ക് ഏറ്റവും അനുയോജ്യമെന്ന് താരം വ്യക്തമാക്കി.

ഉസ്മാൻ ഡെംബലെ, കിലിയൻ എംബാപ്പെ, മൈക്കൽ ഒലീസ് എന്നിവരടങ്ങുന്ന ഫ്രാൻസിന്റെ ആക്രമണനിര എതിരാളികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പാരീസ് സെന്റ് ജെർമെയ്‌നിനായി (പിഎസ്‌ജി) മധ്യഭാഗത്തും വിങ്ങിലും കളിക്കാറുള്ള ഡെംബലെ, മൈതാനത്ത് ഉടനീളം സ്വതന്ത്രമായി നീങ്ങുമ്പോൾ തന്നിലെ മികച്ച താരം പുറത്തുവരുന്നുവെന്ന് പറയുന്നു.

ആർഎംസിയുടെ “റോട്ടൻ സെൻഫ്ലാമെ” (Rothen s’enflamme) എന്ന പരിപാടിയിൽ സംസാരിക്കവെ, ഈ തന്ത്രപരമായ സ്വാതന്ത്ര്യം ഫ്രാൻസിന്റെ രഹയായുധമാണെന്ന് താരം വിശദീകരിച്ചു. “മൈക്കലോ ഞാനോ, ഞങ്ങൾ ആരും തന്നെ വിങ്ങിലോ മധ്യഭാഗത്തോ മാത്രം ഒതുങ്ങിനിൽക്കരുതെന്ന് കോച്ച് നിർദ്ദേശിക്കാറുണ്ട്. പരസ്പരം സ്ഥാനം മാറി കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” ഡെംബലെ പറഞ്ഞു.

Advertisement

“എനിക്ക് പരിചിതമായ റൈറ്റ് വിങ്ങിലോ മധ്യഭാഗത്തോ എന്റെ കഴിവുകൾ തെളിയിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ഒരു വർഷമായി ദേശീയ ടീമിനൊപ്പം കളിക്കുമ്പോൾ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്.”

തന്റെ സഹതാരങ്ങളുമായി നിരന്തരമായി സ്ഥാനം മാറുന്നത് ഫ്രഞ്ച് ആക്രമണനിരയെ തടയാനാവാത്ത ശക്തിയാക്കി മാറ്റുമെന്ന് ഡെംബലെ വിശ്വസിക്കുന്നു.

“ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. ബ്രസീലിനും കൊളംബിയക്കുമെതിരായ മത്സരങ്ങളിൽ ഞങ്ങൾ സ്ഥാനം മാറി കളിച്ചത് ഫലം കണ്ടു. ഇത് എതിർ പ്രതിരോധനിരയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഒരു മിനിറ്റിൽ എംബാപ്പെയാണെങ്കിൽ തൊട്ടടുത്ത മിനിറ്റിൽ ഒലീസ് വരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

എംബാപ്പെ സ്വാഭാവികമായും ഇടതുവശത്തും മധ്യഭാഗത്തുമാണ് നിലയുറപ്പിക്കുന്നത്. അതേസമയം, മൈക്കൽ ഒലീസുമായുള്ള ഡെംബലെയുടെ മൈതാനത്തെ ഒത്തിണക്കം ഫ്രഞ്ച് ടീമിന്റെ ഈ പുതിയ തന്ത്രത്തിന് കരുത്തേകുന്നു. ജൂൺ 16-ന് സെനഗലിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഈ തന്ത്രം ഫ്രാൻസിന് തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡെംബലെ.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.