സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായി അൽ നസർ
റിയാദ്: സൗദി പ്രോ ലീഗിൽ അൽ-നസർ ചാമ്പ്യൻമാർ. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ദമാക് ക്ലബ്ബിനെ തകർത്താണ് അൽ-നസർ കിരീടം ചൂടിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായാണ് അൽ-നസർ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കുന്നത്.
റിയാദിലെ അൽഅവ്വാൽ പാർക്കിൽ നടന്ന മത്സരത്തിൽ പൂർണ്ണ മേധാവിത്വം പുലർത്താൻ അൽ-നസറിന് സാധിച്ചു. കളിയുടെ ഒന്നാം പകുതിയിൽ സാദിയോ മാനെ നേടിയ ഹെഡ്ഡർ ഗോളിലൂടെയാണ് അൽ-നസർ ആദ്യ ലീഡ് എടുത്തത്. ജോവോ ഫെലിക്സ് എടുത്ത കോർണർ കിക്ക് കൃത്യമായി വലയിലെത്തിച്ചാണ് മാനെ ടീമിന് ലീഡ് സമ്മാനിച്ചത്.
രണ്ടാം പകുതിയിൽ കിങ്‌സ്‌ലി കോമാൻ അൽ-നസറിന്റെ രണ്ടാം ഗോൾ നേടി. വലതുഭാഗത്തുനിന്നും ഡിഫൻഡർമാരെ വെട്ടിച്ച് ബോക്സിനുള്ളിലേക്ക് കയറി കോമാൻ തൊടുത്ത ഷോട്ട് ദമാക് ഗോൾകീപ്പറെ മറികടന്ന് വലയിൽ അഭയം പ്രാപിക്കുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ 50-ാം മിനിറ്റിൽ സിമാകാന്റെ കയ്യിൽ പന്ത് തട്ടിയതിന് വിഎആർ (VAR) പരിശോധനയിലൂടെ ദമാക്കിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. പെനാൽറ്റി കിക്ക് എടുത്ത സില്ല ദമാക്കിനായി ഒരു ഗോൾ മടക്കി.
തുടർന്ന് 56-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നസറിന്റെ ലീഡ് മൂന്നായി ഉയർത്തി. മത്സരത്തിന്റെ 74-ാം മിനിറ്റിൽ കോമാൻ നൽകിയ പാസ് സ്വീകരിച്ച് റൊണാൾഡോ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും തികച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ റൊണാൾഡോയെ പിൻവലിച്ചിരുന്നു.
രണ്ടാം സ്ഥാനത്തുള്ള അൽ-ഹിലാലിനേക്കാൾ രണ്ട് പോയിന്റ് മുന്നിലായിരുന്ന അൽ-നസറിന് കിരീടം ഉറപ്പാക്കാൻ ഈ മത്സരത്തിലെ വിജയം അനിവാര്യമായിരുന്നു. 2021-ൽ യുവന്റസിനൊപ്പം കോപ്പ ഇറ്റാലിയ നേടിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. കഴിഞ്ഞ ആഴ്ച എഎഫ്സി ചാമ്പ്യൻസ് ലീഗ് ടു ഫൈനലിൽ ഗാംബ ഒസാക്കയോട് പരാജയപ്പെട്ട അൽ-നസറിന് ഈ ലീഗ് കിരീട നേട്ടം വലിയ ആശ്വാസമായി. മത്സരത്തിൽ പരാജയപ്പെട്ട ദമാക് ക്ലബ്ബ് റിലഗേഷൻ ഭീഷണിയിലാണ്.

