2026 ലോകകപ്പ്: പ്രീ-മാച്ച് ചടങ്ങുകളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫിഫ
2026-ലെ ഫിഫ ലോകകപ്പിന്റെ പ്രീ-മാച്ച് ചടങ്ങുകളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇനി മുതൽ മത്സരദിവസങ്ങളിലെ ടീം സ്ക്വാഡിലുള്ള എല്ലാ കളിക്കാരും ദേശീയ ഗാനങ്ങൾ ആലപിക്കുമ്പോൾ സെന്റർ സർക്കിളിനുള്ളിൽ അണിനിരക്കണം.
പുതുക്കിയ ചടങ്ങുകളുടെ ഭാഗമായി, പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ ആലേഖനം ചെയ്ത വലിയ ബാനറുകൾ സംഘാടകർ വിരിക്കും. സ്റ്റേഡിയം ടണലിനോട് ചേർന്നുള്ള പ്രത്യേക കമാനത്തിലൂടെയായിരിക്കും ഫുട്ബോൾ താരങ്ങൾ മൈതാനത്തേക്ക് പ്രവേശിക്കുക. സ്റ്റേഡിയത്തിലുള്ള എല്ലാവർക്കും ചടങ്ങുകൾ 360 ഡിഗ്രി വ്യൂവിൽ കാണാൻ സാധിക്കുമെന്നതാണ് ഈ മാറ്റത്തിന് പിന്നിലെന്ന് ഫിഫ വ്യക്തമാക്കി.
കൂടാതെ, ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ പ്രീ-മാച്ച് ചടങ്ങുകളിൽ കളർ സ്മോക്കും പൈറോടക്നിക് ഷോകളും ഉൾപ്പെടുത്തുമെന്നും ഫിഫ അറിയിച്ചു.
“ലോകകപ്പ് വിപുലീകരിക്കുമ്പോൾ, ഗെയിം അനുഭവപ്പെടുന്ന രീതികളിൽ ഞങ്ങൾ മാറ്റങ്ങൾ കൊണ്ടുവരുന്നു. ദേശീയ ഗാനങ്ങൾ ആലപിക്കുമ്പോൾ എല്ലാ കളിക്കാരും ഒഫീഷ്യലുകളും സെന്റർ സർക്കിളിൽ അണിനിരക്കുന്നത് ടീമുകൾക്കും ആരാധകർക്കും അഭിമാനകരമായ ഒരു നിമിഷമായിരിക്കും. ലോകകപ്പ് ഓരോ കളിക്കാരനും ആരാധകനും വേണ്ടിയുള്ളതാണ്, ഈ പുതിയ പ്രീ-മാച്ച് ചടങ്ങ് അത് പ്രതിഫലിപ്പിക്കുന്നു,” ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

