ഇന്റർ കാശി എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ചാമ്പ്യന്മാരായി. 22 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈസ്റ്റ് ബംഗാൾ വീണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ കിരീടം സ്വന്തമാക്കുന്നത്.
മത്സരത്തിന്റെ 15-ാം മിനിറ്റിൽ ആൽഫ്രഡ് പ്ലാനസിലൂടെ ഇന്റർ കാശിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഈസ്റ്റ് ബംഗാൾ 50-ാം മിനിറ്റിൽ യൂസഫ് എസ്സെജ്ജാരിയിലൂടെ സമനില പിടിച്ചു. തുടർന്ന് 73-ാം മിനിറ്റിൽ ബിപിൻ സിങ്ങിന്റെ ക്രോസ് ഗോളിലേക്ക് വഴിതിരിച്ചുവിട്ട് മുഹമ്മദ് റാഷിദ് ഈസ്റ്റ് ബംഗാളിന് വിജയവും കിരീടവും സമ്മാനിച്ചു.
മറ്റൊരു മത്സരത്തിൽ സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെ തോൽപ്പിച്ചെങ്കിലും, ഗോൾ ശരാശരിയിൽ പിന്നിലായതോടെ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് കിരീടം നഷ്ടമായി. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റ് വീതം നേടിയെങ്കിലും, മികച്ച ഗോൾ വ്യത്യാസം (19) ഈസ്റ്റ് ബംഗാളിനെ ചാമ്പ്യന്മാരാക്കുകയായിരുന്നു.

