പെപ് ഗ്വാർഡിയോളയ്ക്ക് പിന്നാലെ പെപ് ലിൻഡേഴ്സും മാഞ്ചസ്റ്റർ സിറ്റി വിടുന്നു
മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് പിന്നാലെ അസിസ്റ്റന്റ് മാനേജർ പെപ് ലിൻഡേഴ്സും സീസൺ അവസാനത്തോടെ ക്ലബ് വിടാനൊരുങ്ങുന്നു. ദ അത്‌ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എൻസോ മറെസ്ക മാനേജറായി ചുമതലയേൽക്കുമ്പോൾ, ക്ലബ്ബിന്റെ കോച്ചിംഗ് സ്റ്റാഫിൽ തുടരണമെന്ന് മാനേജ്‌മെന്റ് ഡച്ച് പരിശീലകനായ ലിൻഡേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്ലബ്ബിന്റെ നിർദേശം അദ്ദേഹം തള്ളുകയായിരുന്നു.
പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനായി മറ്റിടങ്ങളിലേക്ക് മാറാനാണ് ലിൻഡേഴ്സിന്റെ തീരുമാനം.
പെപ് ഗ്വാർഡിയോളയുടെ കോച്ചിംഗ് സ്റ്റാഫിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി കഴിഞ്ഞ വേനൽക്കാലത്താണ് 43-കാരനായ ലിൻഡേഴ്സ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്. ഒരു വർഷത്തെ കരാറാണ് അദ്ദേഹം ഒപ്പിട്ടിരുന്നത്. ഇതിൽ 12 മാസത്തെ കരാർ നീട്ടാനുള്ള ഓപ്ഷനും ഉൾപ്പെടുത്തിയിരുന്നു.

