ലയണൽ മെസ്സി ഒരു അത്ഭുതമാണ്; പ്രശംസയുമായി റോബർട്ടോ കാർലോസ്
ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് പ്രതിരോധ താരം റോബർട്ടോ കാർലോസ് രംഗത്തെത്തി. മെസ്സി ഒരു ‘അത്ഭുതമാണ്’ (spectacle) എന്ന് വിശേഷിപ്പിച്ച കാർലോസ്, വരാനിരിക്കുന്ന ലോകകപ്പിലും താരം തന്റെ നിലവാരം കാത്തുസൂക്ഷിക്കുമെന്നും വ്യക്തമാക്കി.
തെക്കേ അമേരിക്കൻ ഫുട്ബോളിന്റെ സത്ത മെസ്സിയിൽ ഉൾക്കൊള്ളുന്നുണ്ടെന്നും, അദ്ദേഹം കളിക്കളത്തിൽ ഉള്ളപ്പോൾ ആരാധകർ അത് ആസ്വദിക്കണമെന്നും കാർലോസ് ഓർമ്മിപ്പിച്ചു.
“മെസ്സിയെ കാണുന്നത് തന്നെ ഒരു അത്ഭുതമാണ്. അവിശ്വസനീയമായ മികവുള്ള താരം തെക്കേ അമേരിക്കൻ ഫുട്ബോളിനെ പ്രതിനിധീകരിക്കുന്നു. അദ്ദേഹം കളിക്കുന്നത് ആസ്വദിക്കൂ, കാരണം ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കാം. അതേസമയം, മറ്റൊരു ലോകകപ്പിൽ കൂടി അദ്ദേഹം കളിച്ചാലും അത്ഭുതപ്പെടാനില്ല. സ്വന്തം ശാരീരികക്ഷമത കാര്യത്തിൽ മെസ്സി കാണിക്കുന്ന ശ്രദ്ധ കാരണം കൂടുതൽ കാലം ഫുട്ബോളിൽ തുടരാൻ അദ്ദേഹത്തിന് സാധിക്കും,” റോബർട്ടോ കാർലോസ് പറഞ്ഞു.
അർജന്റീനയ്ക്കായി 190 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളും 40 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കളിക്കാരിൽ ഒരാളായി മെസ്സി ഇതിനകം മാറിക്കഴിഞ്ഞു.

