ബാഴ്സലോണയിൽ തുടരാൻ ഉറച്ച് റൊണാൾഡ് അറൗഹോ
ഈ വേനൽക്കാലത്ത് ബാഴ്സലോണ വിടാൻ റൊണാൾഡ് അറൗഹോയ്ക്ക് യാതൊരു ഉദ്ദേശവുമില്ല. താരത്തിന്റെ ഭാവിയെക്കുറിച്ച് നിലനിൽക്കുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടയിലും താരം ക്ലബ്ബിൽ തുടരുമെന്ന് വ്യക്തമാക്കുകയാണ്.
കഴിഞ്ഞ ജനുവരിയിൽ 2031 വരെ ക്ലബ്ബുമായി കരാർ നീട്ടിയ ഉറുഗ്വേൻ പ്രതിരോധതാരം, ബാഴ്സലോണയിലെ ദീർഘകാല കരാർ പൂർത്തിയാക്കാൻ തന്നെയാണ് തീരുമാനം. Cadena Ser റിപ്പോർട്ട് പ്രകാരം, ബാഴ്സലോണയുടെ ഫുട്ബോൾ പദ്ധതിയിലെ പ്രധാന ഭാഗമാണ് താനെന്ന് ക്ലബ്ബ് അധികൃതർ അറൗഹോയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഇത് താരത്തിന്റെ ക്ലബ്ബ് വിടില്ലെന്ന തീരുമാനത്തിന് കൂടുതൽ കരുത്തേകുന്നു.
കഴിഞ്ഞ ട്രാൻസ്ഫർ ജാലകങ്ങളിലും 27-കാരനായ താരത്തിന് ക്ലബ്ബ് വിടുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ടീമിലെ പ്രധാനപ്പെട്ട ഒരു നേതാവായി തന്നെ കാണുന്ന അറൗഹോ, ബ്ലൗഗ്രാന ജേഴ്സിയിൽ തന്നെ തുടർന്നും കളിക്കാൻ ആഗ്രഹിക്കുന്നു.
ഫിഫ ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റതിനെ തുടർന്ന് അറൗഹോയ്ക്ക് ടൂർണമെന്റ് നഷ്ടമായിരുന്നു. താരമില്ലാതെ കളിച്ച ഉറുഗ്വേ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തിരുന്നു.
ഇപ്പോൾ താരം പ്രീ-സീസണിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർക്ക്-ആൻഡ്രെ ടെർ സ്റ്റീഗൻ ക്ലബ്ബ് വിടുകയാണെങ്കിൽ, അടുത്ത സീസണിൽ ബാഴ്സലോണയുടെ ആദ്യ ക്യാപ്റ്റനായി അറൗഹോയെത്തിയേക്കും.

