ബാഴ്സലോണ ലെജൻഡ്സ് ടീമിൽ നിന്ന് സാവി പുറത്ത്: കാരണമായി ചൂണ്ടിക്കാട്ടുന്നത് ക്ലബ്ബ് രാഷ്ട്രീയവും ഭിന്നതകളും
മയാമിയിലും സിയോളിലും നടന്ന ബാഴ്സലോണയുടെ അവസാന രണ്ട് മത്സരങ്ങളിൽ മുൻ ബാഴ്സലോണ മിഡ്ഫീൽഡറും പരിശീലകനുമായ സാവിയെ ലെജൻഡ്സ് ടീമിൽ ഉൾപ്പെടുത്തിയില്ല.
ഈ വർഷം നടന്ന ബാഴ്സലോണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോവാൻ ലപോർട്ടയ്ക്കെതിരെ നിലപാടെടുത്തതാണ് സാവിയുടെ ഒഴിവാക്കലിന് കാരണമെന്ന് ‘ആസ്’ (As) റിപ്പോർട്ട് ചെയ്യുന്നു. അന്ന് വിജയിച്ച ലപോർട്ടയ്ക്കെതിരെ മത്സരിച്ച വിക്ടർ ഫോണ്ടിനായിരുന്നു സാവി പിന്തുണ നൽകിയിരുന്നത്.
ലെജൻഡ്സ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നത് ലപോർട്ടയുടെ അടുത്ത അനുയായിയും മുൻ ഭാര്യാസഹോദരനുമായ അലജാൻഡ്രോ എച്ചെവാരിയ ആണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സാവി ഇദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. എച്ചെവാരിയയാണ് തിരശീലയ്ക്ക് പിന്നിൽ നിന്ന് ബാഴ്സലോണയെ നയിക്കുന്നതെന്നും, താൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ സ്വാധീനം മൂലമാണെന്നും സാവി ആരോപിച്ചിരുന്നു. അതിനാൽ തന്നെ, വരും മത്സരങ്ങളിലും സാവിക്ക് ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ സാവി കടുത്ത അതൃപ്തിയിലാണെന്ന് ‘ആസ്’ വ്യക്തമാക്കുന്നു. ക്ലബ്ബിന്റെ വെറ്ററൻ മത്സരങ്ങളുടെ സംഘാടകനായ ലൂയിസ് സാ, സാവിയുടെ ഏജന്റുമാരെ ഫോണിലൂടെ ബന്ധപ്പെടുകയും സിയോളിൽ നടക്കുന്ന മത്സരത്തിൽ സാവിയുടെ സാന്നിധ്യം അനാവശ്യമാണെന്നും അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചതായും അറിയിക്കുകയായിരുന്നു.
എന്നാൽ, ഇതൊരു താൽക്കാലിക പ്രശ്നം മാത്രമാണെന്നും കാലക്രമേണ പരിഹരിക്കപ്പെടുമെന്നുമാണ് ബാഴ്സലോണയുടെ വാദം.

