ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി അമേരിക്കയും കാനഡയും തനിക്ക് വിസ നിഷേധിച്ചതായി പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രിൽ രാജൂബ് വ്യക്തമാക്കി. ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മെക്സിക്കോയിൽ എത്തിയ രാജൂബ്, അമ്മാനിലെ അമേരിക്കൻ എംബസിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും വിസ ലഭിച്ചില്ലെന്ന് എഎഫ്പിയോട് പറഞ്ഞു. കാനഡയും തനിക്ക് വിസ നൽകാൻ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിനെതിരെയുള്ള പലസ്തീന്റെ വിമർശനങ്ങളെ ഭയന്നാണ് ചില കേന്ദ്രങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും, ഇസ്രായേൽ സമ്മർദ്ദം ചെലുത്തുന്നതുകൊണ്ടാണ് വിസ നിഷേധിക്കപ്പെടുന്നതെന്നും രാജൂബ് ആരോപിച്ചു. നേരത്തെ വാങ്കൂവറിൽ നടന്ന ഫിഫ കോൺഗ്രസിൽ പങ്കെടുത്തപ്പോൾ, ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധിക്കൊപ്പം ഫോട്ടോ എടുക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ ക്ലബ്ബുകളെ ഫിഫയുടെ മത്സരങ്ങളിൽ ഉൾപ്പെടുത്തിയതിനെതിരെ പലസ്തീൻ നേരത്തെ കോടതിയിൽ പരാതി നൽകുകയും ചെയ്തിരുന്നു.
മെക്സിക്കോയിൽ തുടരുന്ന രാജൂബ്, അവിടെ നടക്കുന്ന മത്സരങ്ങൾ കണ്ടശേഷം പലസ്തീനിലേക്ക് മടങ്ങുമെന്ന് അറിയിച്ചു. നിലവിലെ അമേരിക്കൻ നയങ്ങൾ കാരണം വിസ ലഭിക്കുന്നതിൽ പല രാജ്യങ്ങളിൽ നിന്നുള്ളവർക്കും സമാനമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. നേരത്തെ സോമാലിയൻ റഫറിമാർക്കും ഇസ്രായേലിന്റെ നടപടികളിൽ എതിർപ്പുള്ള മറ്റ് ടീമുകളിലെ അംഗങ്ങൾക്കും സമാനമായ രീതിയിൽ അമേരിക്ക പ്രവേശനം നിഷേധിച്ചിരുന്നു.

