ഫിഫ ലോകകപ്പിൽ ഐവറി കോസ്റ്റ് സ്ട്രൈക്കർ എലി വാഹി വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാതുവെപ്പ് കേസിലെ സംശയമാണ് താരത്തിന് വിനയാകുന്നത്. ഫിലാഡൽഫിയയിൽ വെച്ച് നടന്ന ഇക്വഡോറിനെതിരായ മത്സരത്തിൽ 55 മിനിറ്റ് താരം കളിച്ചിരുന്നു. ശനിയാഴ്ച ടൊറന്റോയിൽ വെച്ച് നാല് തവണ ചാമ്പ്യന്മാരായ ജർമ്മനിയുമായാണ് ഐവറി കോസ്റ്റിന്റെ അടുത്ത മത്സരം. എന്നാൽ, കാനഡയിലേക്ക് പ്രവേശിക്കാൻ 23 കാരനായ വാഹിക്ക് ആദ്യം അനുമതി ലഭിച്ചിരുന്നില്ല.
ഫ്രഞ്ച് ലീഗ് വണ്ണിൽ നൈസിനായി കളിക്കുമ്പോൾ മനഃപൂർവം മഞ്ഞക്കാർഡ് വാങ്ങിയെന്നാരോപിച്ച് കഴിഞ്ഞ മാസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും താരം ഇപ്പോഴും അന്വേഷണ പരിധിയിലാണ്. ഇക്വഡോറിനെതിരായ ജയത്തിന് ശേഷമാണ് താരത്തിന്റെ അറസ്റ്റ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. ഇത് വലിയ തോതിൽ വിമർശനങ്ങൾക്കും കാരണമായി.
Also Read: ഫിഫ ലോകകപ്പിൽ വാതുവെപ്പ് ആരോപണ വിധേയനായ താരം? ഫിലാഡൽഫിയയിലെ മത്സരത്തിന് പിന്നാലെ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരം
“കാനഡയിൽ പ്രവേശിക്കുന്നതിനുള്ള അനുമതി ഇപ്പോൾ ലഭിച്ചിട്ടുണ്ട്,” ഐവറി കോസ്റ്റ് ഫുട്ബോൾ ഫെഡറേഷൻ (FIF) ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
“ഇതോടെ ഐവറി കോസ്റ്റ് ടീമിനൊപ്പം കാനഡയിലേക്ക് യാത്ര ചെയ്യാനും ലോകകപ്പിൽ സഹതാരങ്ങൾക്കൊപ്പം തുടർന്ന് കളിക്കാനും വാഹിക്ക് അനുവാദമുണ്ട്.”
“ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായതിൽ സന്തോഷമുണ്ട്, ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി,” ഫെഡറേഷൻ വ്യക്തമാക്കി.
ദുരൂഹത നീങ്ങുന്നു!
മെയ് 17-ന് മെറ്റ്സിനെതിരായ മത്സരത്തിനിടെ വാഹി ഈ സീസണിലെ അഞ്ചാം മഞ്ഞക്കാർഡ് വാങ്ങിയിരുന്നു. ഇതോടെ സെന്റ്-എറ്റിയെന്നിനെതിരായ നിർണായക മത്സരത്തിൽ നിന്ന് താരം പുറത്തായി. മെയ് 29-ന് ഇദ്ദേഹം അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം രണ്ടാം പാദ മത്സരത്തിൽ കളിച്ച താരം രണ്ട് ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിച്ചു. ആദ്യ പാദം ഗോള്രഹിതമായി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പാദത്തിലെ ഈ ജയത്തോടെ നൈസ് തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെട്ടു.
ഫ്രഞ്ച് ഫുട്ബോൾ ലീഗ് (LFP) വിഷയത്തിൽ പ്രതികരണം അറിയിച്ചു. “പോലീസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാലും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതിനാലും കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ നടത്തുന്നില്ല. നിലവിൽ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും.”
“ടൂർണമെന്റുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഫുട്ബോളിന്റെ അന്തസ്സിനെ ബാധിക്കുന്ന ഏത് നീക്കത്തിനെതിരെയും കർശന നടപടിയുണ്ടാകും,” എൽഎഫ്പി ബിബിസി സ്പോർട്ടിനോട് പറഞ്ഞു.

