ലോകകപ്പ് ഫുട്ബോളിൽ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ക്രൊയേഷ്യ അവസാന 32-ലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ 83-ാം മിനിറ്റിൽ നിക്കോള വ്ലാസിച്ച് നേടിയ തകർപ്പൻ ഹെഡർ ഗോളാണ് ക്രൊയേഷ്യയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്.
ലൂക്കാ മോഡ്രിച്ചിന്റെ കോർണർ കിക്കിൽ നിന്നായിരുന്നു വ്ലാസിച്ച് വിജയഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിൽ പെറ്റാർ സുസിച്ചിലൂടെ ക്രൊയേഷ്യ ലീഡ് നേടിയിരുന്നെങ്കിലും, പിന്നീട് ഫ്രീ കിക്കിലൂടെ ഡെറിക് ലക്കാസെൻ ഘാനയ്ക്കായി സമനില ഗോൾ നേടുകയായിരുന്നു.
ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് പിന്നിലായി രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്. പാനമയ്ക്കെതിരായ ജയവും ഇംഗ്ലണ്ടിനെതിരായ സമനിലയും നേരത്തെ സ്വന്തമാക്കിയ ഘാന, തോൽവി വഴങ്ങിയെങ്കിലും നേരത്തെ തന്നെ അവസാന 32-ൽ ഇടംപിടിച്ചിരുന്നു.

