ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ടിനെ പുറത്താക്കി; പകരക്കാരനായി അഡോണി ഇറോള പരിഗണനയിൽ
ആൻഫീൽഡിലെ രണ്ടാം സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ടുമായുള്ള കരാർ ക്ലബ് അവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ സ്പോർട്ടിംഗ് ഡയറക്ടർ റിച്ചാർഡ് ഹ്യൂസാണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. ക്ലബ്ബിന്റെ പ്രക്ഷുബ്ധമായ സീസണിൽ നേരത്തെ സ്ലോട്ടിന് പിന്തുണ നൽകിയിരുന്നെങ്കിലും, നിർബന്ധിതമായ സാഹചര്യത്തിൽ പരിശീലകനെ മാറ്റുകയാണെന്ന് ക്ലബ് അധികൃതർ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. താൻ പുറത്താക്കപ്പെടുമെന്ന കാര്യം ആർനെ സ്ലോട്ട് പ്രതീക്ഷിച്ചിരുന്നില്ല.
ദ അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഒറ്റപ്പെട്ട ഒരു സംഭവമല്ല ഈ തീരുമാനത്തിലേക്ക് നയിച്ചത്. അവസാന നാല് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റ് മാത്രമാണ് ലിവർപൂളിന് നേടാനായത്. ഇത് ടീമിലെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായി.
ആസ്റ്റൺ വില്ലയ്‌ക്കെതിരായ 4-2 തോൽവിയും ചെൽസിക്കെതിരായ ഹോം ഗ്രൗണ്ടിലെ സമനിലയും ലിവർപൂളിന് തിരിച്ചടിയായി. ചെൽസിക്കെതിരായ മത്സരത്തിൽ ആൻഫീൽഡിൽ വച്ച് ആരാധകർ സ്ലോട്ടിനെ കൂവിവിളിച്ചിരുന്നു. “ആൻഫീൽഡിലെ ആവേശം ചോർന്നുപോയിരിക്കുന്നു. ടീമിന് തീവ്രതയില്ല, സ്വന്തമായൊരു ശൈലിയില്ലാത്ത ടീമിനെപ്പോലെയാണ് ലിവർപൂൾ കളിക്കുന്നത്,” എന്ന് എഫ്‌എസ്‌ജിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദ അത്‌ലറ്റിക്കിനോട് പറഞ്ഞു.
കണക്കുകളും ഈ വിലയിരുത്തലിനെ ശരിവെക്കുന്നു. 38 മത്സരങ്ങളുള്ള പ്രീമിയർ ലീഗ് സീസണിൽ 53 ഗോളുകൾ വഴങ്ങിയത് ലിവർപൂളിന്റെ ഏറ്റവും മോശം പ്രതിരോധ പ്രകടനമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഗോൾ നേട്ടമായ 63 ഗോളുകളാണ് ടീം നേടിയത്. കഴിഞ്ഞ സീസണിൽ പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന് 23 പോയിന്റുകൾ നേടിയ ലിവർപൂളിന്, ഈ സീസണിൽ അത്തരം സാഹചര്യങ്ങളിൽ നിന്ന് ലഭിച്ചത് വെറും അഞ്ച് പോയിന്റ് മാത്രമാണ്.
ടീമിന്റെ മോശം പ്രകടനത്തിന് ചില കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. 125 മില്യൺ പൗണ്ടിന് ടീമിലെത്തിച്ച അലക്സാണ്ടർ ഐസാക് കാലിനേറ്റ പരിക്ക് കാരണം നാല് മാസത്തോളം പുറത്തായിരുന്നു. 17 ഗോളുകൾ നേടിയ സ്ട്രൈക്കർ ഹ്യൂഗോ എകിറ്റികെയുടെ അക്കില്ലെസ് ഇഞ്ചുറിയും തിരിച്ചടിയായി. കഴിഞ്ഞ വേനൽക്കാലത്ത് ടീമിനായി മുടക്കിയ 450 മില്യൺ പൗണ്ടിന്റെ ഫലം മൈതാനത്ത് കാണാൻ സാധിച്ചില്ല. സ്ലോട്ടുമായുള്ള കരാറിന്റെ അവസാന വർഷം റദ്ദാക്കുന്നതിനായി ലിവർപൂളിന് ഏകദേശം 7 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകേണ്ടി വരും.
ബോർൺമൗത്ത് പരിശീലകൻ അഡോണി ഇറോളയാണ് ലിവർപൂളിന്റെ അടുത്ത പരിശീലകനായി മുൻപന്തിയിലുള്ളത്. പുതിയ പരിശീലകനെ വേഗത്തിൽ നിയമിക്കാൻ ലിവർപൂൾ ശ്രമിക്കുന്നുണ്ട്. 2023-ൽ ബോർൺമൗത്തിൽ ഇറോളയെ നിയമിച്ച റിച്ചാർഡ് ഹ്യൂസിന്, 43-കാരനായ ഈ സ്പാനിഷ് പരിശീലകൻ ലിവർപൂൾ ആഗ്രഹിക്കുന്ന അക്രസീവ് ഫുട്ബോൾ ശൈലിക്ക് അനുയോജ്യനാണെന്ന് വിശ്വാസമുണ്ട്.

