ഒടുവിൽ ഫിഫ ലോകകപ്പ് 2026-ന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായി. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഫിഫയും ‘സീ’യും (Z) തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. 2026 മുതൽ 2034 വരെയുള്ള എട്ട് വർഷക്കാലയളവിൽ ഫിഫയുടെ വിവിധ മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാറിലാണ് ഇരു കൂട്ടരും ഒപ്പുവെച്ചത്. ഈ വർഷത്തെ ലോകകപ്പ്, 2027-ലെ ഫിഫ വനിതാ ലോകകപ്പ്, 2030-ലെ ഫിഫ ലോകകപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകൾ ഈ കരാറിന്റെ ഭാഗമായി ‘സീ’ സംപ്രേഷണം ചെയ്യും.
ഈ പങ്കാളിത്തത്തിലൂടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും യുവജന വിഭാഗങ്ങളുടേതുൾപ്പെടെയുള്ള 39 ഫിഫ മത്സരങ്ങൾ ‘സീ’ സംപ്രേഷണം ചെയ്യും. കൂടാതെ, ഈ മത്സരങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും സംപ്രേഷണം ചെയ്യുമെന്ന് കരാറിൽ പറയുന്നു.
ഫിഫ അണ്ടർ-17 ലോകകപ്പ്, അണ്ടർ-20 ലോകകപ്പ്, വനിതാ അണ്ടർ-17 ലോകകപ്പ്, വനിതാ അണ്ടർ-20 ലോകകപ്പ്, ഫിഫ ഫുട്‌സൽ ലോകകപ്പ്, ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവയും പ്രധാന ലോകകപ്പും ‘സീ’യിലൂടെ കാണാൻ സാധിക്കും.
ഫിഫ ലോകകപ്പ് മത്സരങ്ങളും അനുബന്ധ പരിപാടികളും ‘സീ’യുടെ ടെലിവിഷൻ ചാനലായ ‘യുണൈറ്റ്8 സ്‌പോർട്‌സിലും’ (UNITE8 Sports) ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘സീ5’ (Zee 5) ലൂടെയും സംപ്രേഷണം ചെയ്യും. ഇന്ത്യൻ പ്രേക്ഷകർക്ക് എളുപ്പത്തിൽ കാണുന്നതിനായി വിവിധ ഭാഷകളിൽ പരിപാടികൾ ലഭ്യമാക്കും.
“യുവതലമുറയുടെയും ഫുട്ബോൾ പ്രേമികളുടെയും വലിയ പങ്കാളിത്തമുള്ള ഇന്ത്യൻ വിപണി ഫിഫയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ‘സീ’യുടെ വിപുലമായ സംപ്രേഷണ ശൃംഖലയും പ്രാദേശിക പ്രേക്ഷകരെക്കുറിച്ചുള്ള അവരുടെ അറിവും ഇന്ത്യയിലെ ഫുട്ബോൾ ആരാധകരിലേക്ക് കൂടുതൽ എത്തുന്നതിന് സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഫിഫ വ്യക്തമാക്കി.
ഫിഫയുടെ ലക്ഷ്യം
ഫിഫ ലോകകപ്പ് 2026 ഉൾപ്പെടെയുള്ള മത്സരങ്ങൾ ഇന്ത്യയിൽ കൂടുതൽ പേരിലേക്കെത്തിക്കുക എന്നതാണ് ഫിഫയുടെ ലക്ഷ്യം. ‘സീ’യുടെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി രാജ്യത്തെ ഫുട്ബോൾ ആരാധകരുമായി കൂടുതൽ അടുക്കാൻ ഇത് സഹായിക്കും.
“ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ സിഇഒ പുനീത് ഗോയങ്ക പറഞ്ഞു.
“ഫുട്ബോൾ എല്ലാ മേഖലകളിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒന്നാണ്. കായിക മേഖലയിലെ അവകാശങ്ങൾ സ്വന്തമാക്കുന്നതിനും പ്രത്യേക സ്പോർട്സ് ചാനലുകൾ ആരംഭിക്കുന്നതിനും ഞങ്ങൾ നൽകുന്ന നിക്ഷേപം ഫുട്ബോളിന്റെ വളർച്ചയിലുള്ള ഞങ്ങളുടെ വിശ്വാസമാണ് കാണിക്കുന്നത്. ഫിഫയുമായുള്ള ഈ പങ്കാളിത്തം വഴി, വളർച്ചയിലും ലാഭക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഫുട്ബോളിന്റെ യഥാർത്ഥ മൂല്യം പുറത്തെടുക്കാനും ആരാധകർക്ക് കൂടുതൽ ആവേശം പകരാനും ഞങ്ങൾക്ക് സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

