ജർമ്മൻ ഗോൾകീപ്പർ ഒലിവർ ബൗമാന് തിരിച്ചടിയായി മാനുവൽ നോയറുടെ തിരിച്ചുവരവ്: വെളിപ്പെടുത്തലുമായി നാഗൽസ്മാൻ
ലോകകപ്പിന് മുന്നോടിയായി ജർമ്മൻ ടീമിലെ ഗോൾകീപ്പർമാരുടെ കാര്യത്തിൽ താൻ എടുത്ത തീരുമാനം ഒലിവർ ബൗമാനെ വൈകാരികമായി ബാധിച്ചുവെന്ന് പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ. ടീമിലെ സ്ഥാനങ്ങളിൽ മാറ്റം വരുത്തിയത് ബൗമാന് വലിയ നിരാശ നൽകിയതായി അദ്ദേഹം സമ്മതിച്ചു.
മാനുവൽ നോയറുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, ടൂർണമെന്റിൽ നോയറെ തന്നെ ഒന്നാം നമ്പർ ഗോൾകീപ്പറായി നിശ്ചയിക്കാൻ തീരുമാനിച്ച വിവരം മാർച്ച് മാസത്തിൽ തന്നെ കോച്ചിംഗ് സ്റ്റാഫ് ബൗമാനെ അറിയിച്ചിരുന്നതായി നാഗൽസ്മാൻ വിശദീകരിച്ചു.
“ഞങ്ങൾ മാനുവിനെ കണ്ട കാര്യം മാർച്ചിൽ തന്നെ ഒലിയോട് പറഞ്ഞിരുന്നു. ആ തീരുമാനം ഒലിയെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയായിരുന്നു. അങ്ങനെയൊരു വാർത്ത ആർക്കും സന്തോഷം നൽകുന്നതല്ല,” നാഗൽസ്മാൻ വ്യക്തമാക്കി.
ടീമിന് നോയറുടെ സാന്നിധ്യം വലിയ കരുത്താണെങ്കിലും, ഈ തീരുമാനം ബൗമാന്റെ റോളിനെയും ആത്മവിശ്വാസത്തെയും ബാധിച്ചുവെന്ന് അദ്ദേഹം അംഗീകരിച്ചു.
“മാനുകളിക്കുമ്പോൾ അത് ടീമിന് ഗുണകരമാണ്. എന്നാൽ അദ്ദേഹം കളിക്കാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അത് നമുക്കും സംഭവിക്കാം. അതുകൊണ്ടാണ് ഞാൻ ഒലിയിൽ വിശ്വാസമർപ്പിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്ത രീതി തങ്ങൾ തമ്മിലുള്ള ബന്ധത്തെ ചെറിയ രീതിയിൽ ബാധിച്ചുവെന്നും നാഗൽസ്മാൻ തുറന്നുസമ്മതിച്ചു.
“മാനു നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള, വലിയൊരു പേരും വ്യക്തിത്വവുമുള്ള താരമാണ്. അങ്ങനെയൊരു വാർത്ത പറയുമ്പോൾ സ്വാഭാവികമായും ഒലിക്ക് അത് ഉൾക്കൊള്ളാൻ പ്രയാസമുണ്ടാകും. അത് ഞങ്ങളുടെ ബന്ധത്തെയും ബാധിച്ചു,” അദ്ദേഹം പറഞ്ഞു.
ജർമ്മൻ ടീമിലെ സീനിയർ ഗോൾകീപ്പർമാർക്ക് പിന്നിൽ ദീർഘകാലം കാത്തിരുന്ന ബൗമാൻ, 2025–26 കാലയളവിൽ ടീമിലെ നിർണ്ണായക താരമായി മാറിയിരുന്നു. ഇതിനോടകം 11 അന്താരാഷ്ട്ര മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ അദ്ദേഹം 6 ക്ലീൻ ഷീറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ക്ലബ്ബ് തലത്തിൽ ഹോഫൻഹൈമിനായി മികച്ച പ്രകടനമാണ് 34-കാരനായ ബൗമാൻ നടത്തുന്നത്. 2025–26 സീസണിൽ 36 മത്സരങ്ങളിൽ കളിച്ച അദ്ദേഹം ബുണ്ടസ് ലീഗയിൽ 500 മത്സരങ്ങൾ എന്ന നാഴികക്കല്ലും പിന്നിട്ടു.

