ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഡി ആർ കോംഗോയ്‌ക്കെതിരെ നിറംമങ്ങിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വിമർശനങ്ങൾക്ക് വിധേയനായി. പോർച്ചുഗൽ അനായാസം ജയിക്കുമെന്ന് കരുതിയ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചപ്പോൾ റൊണാൾഡോയ്ക്ക് ഗോൾ നേടാനായില്ല. മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്ന റൊണാൾഡോ 25 തവണ മാത്രമാണ് പന്തിൽ സ്പർശിച്ചത്. 90 മിനിറ്റും കളിച്ച ഒരു പ്രധാന ടൂർണമെന്റ് മത്സരത്തിൽ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഡി ആർ കോംഗോയുടെ പ്രതിരോധം റൊണാൾഡോയെ കാര്യമായി പൂട്ടിയതോടെ ഗോൾമുഖത്ത് ഭീഷണി ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. പോർച്ചുഗൽ നിരയിൽ മികച്ച മുന്നേറ്റനിര താരങ്ങൾ ഉണ്ടായിരിക്കെ, റൊണാൾഡോയെ തന്നെ ടീമിൽ നിലനിർത്തുന്നതിനെതിരെ ഇതിനകം ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. റൊണാൾഡോയുടെ മോശം പ്രകടനത്തിനിടയിലും അദ്ദേഹത്തെ മുഴുവൻ സമയവും കളത്തിലിറക്കിയ കോച്ച് റോബർട്ടോ മാർട്ടിനെസിന്റെ തീരുമാനത്തിനെതിരെയും വിമർശനങ്ങൾ ശക്തമാണ്.
റൊണാൾഡോയുടെ പ്രകടനത്തെച്ചൊല്ലി ഉയരുന്ന വിമർശനങ്ങൾക്കിടയിലും അദ്ദേഹത്തെ പിൻവലിക്കാതിരുന്ന തീരുമാനത്തെ കോച്ച് റോബർട്ടോ മാർട്ടിനെസ് ന്യായീകരിച്ചു. വിജയിക്കാൻ ഗോൾ അത്യാവശ്യമായിരുന്ന ഘട്ടത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനെ പുറത്തിരുത്തുന്നത് അർത്ഥശൂന്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഗോൾ തേടി മുന്നേറുന്ന സമയത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കുന്നത് ഒട്ടും ശരിയല്ല,” മാർട്ടിനെസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഞങ്ങൾ വളരെ മികച്ച രീതിയിലാണ് തുടങ്ങിയത്. പെനാൽറ്റി ബോക്സിലേക്കുള്ള ഞങ്ങളുടെ നിയന്ത്രണവും മുന്നേറ്റവും നല്ലതായിരുന്നു. ഗോൾ നേടിയതോടെ കളി ഞങ്ങളുടെ വരുതിയിലാകുമെന്ന് കരുതിയെങ്കിലും, അത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. പന്ത് കൈവശം വെക്കാൻ മാത്രം ഞങ്ങൾ ശ്രദ്ധിച്ചു. ഇതോടെ കോംഗോയ്ക്ക് അവരുടെ പ്രതിരോധം ശക്തിപ്പെടുത്താനും പ്രത്യാക്രമണം നടത്താനും അവസരം ലഭിച്ചു. ഞങ്ങൾക്ക് വേഗത നഷ്ടപ്പെട്ടത് കോംഗോയ്ക്ക് ഗുണകരമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്ക്ക് – ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഫിനിഷ് ചെയ്യാനായില്ല, ബ്രൂണോ ഫെർണാണ്ടസിന് അവസരങ്ങൾ സൃഷ്ടിക്കാനായില്ല: പോർച്ചുഗലിന്റെ ലോകകപ്പ് തുടക്കം നിരാശാജനകം
“അർജന്റീന സൗദിയോട് തോറ്റ ശേഷമാണ് ലോകകപ്പ് നേടിയത്”
മത്സരഫലം നിരാശാജനകമാണെങ്കിലും, വലിയ പരിഭ്രാന്തി വേണ്ടെന്ന് മാർട്ടിനെസ് പറഞ്ഞു. ലോകകപ്പിൽ മുൻപ് കിരീടം നേടിയ പല ടീമുകളും ആദ്യ മത്സരങ്ങളിൽ തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു മോശം പ്രകടനം കൊണ്ട് മാത്രം എല്ലാം അവസാനിക്കുന്നില്ലെന്നും, ഇതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
“ലോകകപ്പിൽ ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാറുണ്ട്. 2022-ൽ സൗദി അറേബ്യയോട് തോറ്റ ശേഷമാണ് അർജന്റീന ലോകകപ്പ് നേടിയത്. 2010-ൽ സ്പെയിൻ സ്വിറ്റ്സർലൻഡിനോട് തോറ്റെങ്കിലും പിന്നീട് കിരീടം നേടി. അതൊന്നും ആ ടീമുകളുടെ യഥാർത്ഥ നിലവാരമായിരുന്നില്ല. ഇതൊരു പ്രക്രിയയാണ്. ലോകകപ്പിലെ ആദ്യ മത്സരത്തെക്കുറിച്ചാണ് നമ്മൾ പറയുന്നത്. ഗോൾ നേടിയ ശേഷമുണ്ടായ അമിതമായ ആത്മവിശ്വാസം ഞങ്ങളുടെ പ്രകടനത്തെ ബാധിച്ചു. റിസ്ക് എടുക്കാനും മുന്നോട്ട് പോകാനും ഞങ്ങൾ മടിച്ചു. അതൊരു മാനസിക പ്രശ്നമായിരുന്നു, അല്ലാതെ തന്ത്രങ്ങളിലെ പിഴവല്ല. ഇത് സ്വാഭാവികമാണ്. അടുത്ത മത്സരത്തിൽ കൂടുതൽ മെച്ചപ്പെടാൻ ഞങ്ങൾ ശ്രമിക്കും,” അദ്ദേഹം പറഞ്ഞു.

