close
ചൊവ്വാഴ്‌ച, ജൂൺ 16
Advertisement

നോർത്ത് അമേരിക്കയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവാത്തവിധം കുതിച്ചുയർന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. ലോകകപ്പ് കാണാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഫുട്ബോൾ ആരാധകർക്ക് ടിക്കറ്റ് വാങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ന്യൂയോർക്കിലെ പല മത്സരങ്ങൾക്കും 1,200 ഡോളറിലധികം (ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ) ചിലവാക്കേണ്ട അവസ്ഥയാണുള്ളത്. ഇതോടെ പലരും കളി കാണാനുള്ള മോഹം ഉപേക്ഷിക്കുകയോ മറ്റ് നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ നിർബന്ധിതരാവുകയോ ചെയ്യുന്നു.

സ്റ്റേഡിയങ്ങളിലെ ഒഴിഞ്ഞ സീറ്റുകൾ ഉയർന്ന ടിക്കറ്റ് വിലയുടെ പ്രത്യാഘാതം വ്യക്തമാക്കുന്നുണ്ട്. കായിക മത്സരങ്ങൾ ഒരു ആഡംബര വസ്തുവാകാൻ പാടില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചു. പ്രാദേശികരായ സാധാരണക്കാർക്ക് മത്സരം കാണാൻ അവസരം ലഭിക്കുന്നതിനായി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ അനുവദിക്കണമെന്ന് ഭരണകൂടം ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള പ്രമുഖരും ഉയർന്ന ടിക്കറ്റ് വിലയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. താൻ ഇത്രയും വലിയ തുക മുടക്കി ടിക്കറ്റ് എടുക്കില്ലെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞത്.

Read Also:  ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ; 92 വർഷത്തെ ലോകകപ്പ് റെക്കോർഡ് നിലനിർത്തി ബ്രസീൽ

അതേസമയം, ഉയർന്ന ടിക്കറ്റ് വിലയെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ന്യായീകരിച്ചു. അമേരിക്കയിലെ മറ്റ് കായിക മത്സരങ്ങളെ അപേക്ഷിച്ച് ലോകകപ്പിന്റെ അടിസ്ഥാന ടിക്കറ്റ് നിരക്ക് കുറവാണെന്നും, ഉയർന്ന ഡിമാൻഡ് ആണ് വില കൂടാൻ കാരണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ടിക്കറ്റ് നിരക്കിന് പുറമേ, സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാക്കൂലിയും ആരാധകർക്ക് വലിയ ബാധ്യതയാകുന്നുണ്ട്. ടിക്കറ്റ് വിൽപ്പനയിലെ സുതാര്യതയില്ലാത്ത രീതികൾക്കെതിരെ ന്യൂയോർക്ക്, ന്യൂജേഴ്‌സി അറ്റോർണി ജനറൽമാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫുട്ബോളിന്റെ ആവേശം സാധാരണക്കാരായ ആരാധകരിലൂടെയാണ് നിലനിൽക്കുന്നതെങ്കിലും, ഇപ്പോഴത്തെ വിലക്കയറ്റം അവരെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുകയാണ്.

Advertisement

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.