യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ഫൈനലിലേക്ക് ആസ്റ്റൺ വില്ല പ്രവേശിച്ചു. നോട്ടിംഗ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസ്റ്റൺ വില്ല ഒരു പ്രധാന യൂറോപ്യൻ ഫൈനലിൽ ഇടംപിടിച്ചത്. ജോൺ മക്ഗിൻ രണ്ട് ഗോളുകൾ നേടി തിളങ്ങിയ മത്സരത്തിൽ ഒലി വാറ്റ്കിൻസ്, എമിലിയാനോ ബുവെൻഡിയ എന്നിവരും സ്കോർ ചെയ്തു. ഇരുപാദങ്ങളിലുമായി 4-1 എന്ന സ്കോറിനാണ് വില്ലയുടെ വിജയം. മെയ് 20-ന് ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിൽ ജർമ്മൻ ക്ലബ് ഫ്രീബർഗ് ആണ് ആസ്റ്റൺ വില്ലയുടെ എതിരാളികൾ. ബ്രാഗയെ 3-1ന് തോൽപ്പിച്ചാണ് ഫ്രീബർഗ് ഫൈനൽ ഉറപ്പിച്ചത്.
ആസ്റ്റൺ വില്ലയുടെ പരിശീലകൻ ഉനായ് എമെറിക്ക് യൂറോപ്പ ലീഗിൽ മികച്ച റെക്കോർഡാണുള്ളത്. ഇതിനകം നാല് തവണ ഈ കിരീടം സ്വന്തമാക്കിയ എമെറി, തന്റെ ടീമിനെ വീണ്ടും ഫൈനലിലെത്തിച്ചിരിക്കുകയാണ്. 1982-ന് ശേഷം ആദ്യമായാണ് വില്ല ഒരു യൂറോപ്യൻ ഫൈനലിൽ കളിക്കുന്നത്. മത്സരശേഷം പ്രിൻസ് വില്യം ഉൾപ്പെടെയുള്ള ആരാധകർ വലിയ ആവേശത്തോടെയാണ് ടീമിന്റെ വിജയത്തെ വരവേറ്റത്.
അതേസമയം, കോൺഫറൻസ് ലീഗ് ഫൈനലിലേക്ക് ക്രിസ്റ്റൽ പാലസും പ്രവേശിച്ചു. ഷാക്തർ ഡൊനെറ്റ്സ്കിനെ തോൽപ്പിച്ചാണ് പാലസ് ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യൻ ഫൈനലിലെത്തിയത്. മെയ് 27-ന് നടക്കുന്ന ഫൈനലിൽ റയോ വല്ലെക്കാനോ ആണ് അവരുടെ എതിരാളികൾ. ഇതോടെ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള മൂന്ന് പ്രധാന യൂറോപ്യൻ ടൂർണമെന്റുകളുടെയും ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് സാന്നിധ്യമുറപ്പിക്കാനായി എന്നത് ശ്രദ്ധേയമാണ്.

